International
വത്തിക്കാൻ സിറ്റി: അനുകന്പയും സഹാനുഭൂതിയും ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ-മുസ്ലിം സൗഹൃദത്തിന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
വത്തിക്കാനിലെ മതാന്തര സൗഹാർദത്തിനുള്ള കാര്യാലയവും ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത് സംവാദ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
‘ആധുനികകാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും’ എന്ന പ്രമേയം മുൻനിർത്തിയായിരുന്നു സംവാദ പരിപാടി. സംവാദത്തിനായി തെരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും ഇതു പാർശ്വവത്കരിക്കപ്പെട്ട വികാരങ്ങളല്ല; മറിച്ച്, ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും യഥാർഥ മനുഷ്യജീവിതം നയിക്കാനുള്ള കാഴ്ചപ്പാടുകളുമാണെന്നും മാർപാപ്പ പറഞ്ഞു.
മനുഷ്യന്റെ അനുകമ്പയും സഹാനുഭൂതിയും ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കാനുള്ള ആഹ്വാനമാണെന്നു പറഞ്ഞ മാർപാപ്പ, ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക ശ്രദ്ധയും സഹായവും അർഹിക്കുന്നുവെന്ന ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ വാക്കുകളും ഉദ്ധരിച്ചു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തിൽ അന്യംനിന്നു പോകുന്നു. സാങ്കേതിക മുന്നേറ്റങ്ങൾ ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും നിസംഗതയിലേക്ക് നമ്മെ തള്ളിവിടുകയാണ്. ഇത് ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണ്. അതിനാൽ, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവർക്ക് ശബ്ദം നൽകുക, നിസംഗതയെ ഐക്യദാർഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വങ്ങൾ ക്രൈസ്തവ-ഇസ്ലാം മതങ്ങൾ ഒരുമിച്ച് ഏറ്റെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.
അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിലും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിലും ജോർദാൻ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെയും മാർപാപ്പ അനുസ്മരിച്ചു.
ചടങ്ങിൽ വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും പങ്കെടുത്തു.
Movies
നടിയും എംപിയുമായ കങ്കണ റണൗട്ടും എംപിയും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാനും പ്രണയത്തിലാണെന്ന വാർത്തകളിൽ പ്രതികരിച്ച് നടി. പ്രണയിക്കുകയായിരുന്നെങ്കിൽ തങ്ങൾക്കിപ്പോൾ കുട്ടികളായേനേയെന്നും ചിരാഗ് തന്റെ സുഹൃത്ത് മാത്രമാണെന്നും കങ്കണ പറഞ്ഞു.
ഇരുവരേയും പൊതു പരിപാടികളിൽ ഒരുമിച്ച് കണ്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാർത്തകൾ. ഇതിനെ തള്ളിക്കൊണ്ടാണ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ തന്റെ നിലപാട് പറഞ്ഞത്.
ഞങ്ങൾ പ്രണയത്തിലല്ല, ചിരാഗ് എന്റെ സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാൻ സത്യസന്ധമായി പറയാം. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുന്നില്ല.
അദ്ദേഹം 10 വർഷം മുമ്പ് എന്നോടൊപ്പം ഒരു സിനിമ ചെയ്തു, അങ്ങനെയാണ് പരസ്പരം അറിയുന്നത്. പ്രണയമുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കിപ്പോൾ കുട്ടികളുണ്ടാകുമായിരുന്നു,
എനിക്ക് പ്രണയിക്കണമെങ്കിൽ, അത് സംഭവിച്ചേനെ. അതൊന്നും നടക്കുന്നില്ല. നിങ്ങൾക്കറിയാമോ, അത് സൗഹൃദപരം മാത്രമാണ്. അദ്ദേഹവും സിനിമാരംഗത്തു നിന്നുള്ള ആളായതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടൊപ്പം വളരെ നല്ലരീതിയിൽ നിൽക്കാനാകാറുണ്ട്. കങ്കണ പറഞ്ഞു.
2011-ൽ പുറത്തിറങ്ങിയ മിലേ നാ മിലേ ഹം എന്ന പ്രണയചിത്രത്തിലാണ് കങ്കണയും ചിരാഗ് പാസ്വാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. തൻവീർ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെയാണ് ചിരാഗ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. കങ്കണയായിരുന്നു ചിത്രത്തിലെ നായിക.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള സ്നേഹപൂർവമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇരുവരും തമ്മിൽ പാർലമെന്റിലും പുറത്തും വാക്പോര് രൂക്ഷമായതിനിടെയാണ് ഇന്നലെ പാർലമെന്റ് സമുച്ചയത്തിലെ ഒരു ചടങ്ങിലും മോദിയും രാഹുലും പരസ്യമായി സൗഹൃദം പങ്കുവച്ചത്.
ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രാഷ്ട്രീയവൈര്യം മറന്ന് സംസാരിച്ചത്.
സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. രാഹുലിനെ കണ്ട് മോദി അഭിവാദ്യം ചെയ്യുന്നതും ഇരുവരും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
District News
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്കരിക്കും. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സീനിയർ ചേംബർ ഇന്റർനാഷണൽ പ്രതിനിധികൾ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന് പൂച്ചെടി കൈമാറി. ജില്ലയിൽ മലപ്പുറം, മഞ്ചേരി, വണ്ടൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്കരിക്കാനാണ് തീരുമാനം.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, ഡെപ്യൂട്ടി ഡിഎംഒ എ. ഷിബുലാൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി. സുരേഷ് കുമാർ, സീനിയർ ചേംബർ ഇന്റർനാഷണൽ മലപ്പുറം റീജിയണ് പ്രസിഡന്റ് അനിൽ പത്മനാഭ, ട്രഷറർ നൗഷാദ് മാന്പ്ര, കമ്മിറ്റി അംഗങ്ങളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവർ സന്നിഹിതരായിരുന്നു.
International
ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില് നായ്ക്കളുടെ സുരക്ഷാര്ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല് മീഡിയയില് പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര് രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില് കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.
District News
അഞ്ചൽ: സെന്റ് ജോൺസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് സ്നേഹസംഗമം സംഘടിപ്പിച്ചു. കോളജ് ഓഡിയോ വിഷ്വൽ ഹാളിൽ സംഘടിപ്പിച്ച സംഗമം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ. ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. നിഷ തോമസ്, ഫാ. ബോവാസ് മാത്യു, ഡോ. തോമസ്കുട്ടി, വി. ടി. തോമസ്, പി.സാമോൻ, കെ. മാത്തുണ്ണി,കോളജ് ബർസാർ ഫാ. ക്രിസ്റ്റി ചരുവിള , സൂപ്രണ്ട് ബിനു കെ. ജോയ് എന്നിവർ പ്രസംഗിച്ചു. 1964 മുതൽ കോളജിന്റെ വളർച്ചയിൽ പങ്കാളികളായ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങളെ സംഗമത്തിൽ ആദരിച്ചു
District News
തൃശൂർ: നാടിന്റെ വികസനപദ്ധതികൾ അധികൃതരുടെ അനാസ്ഥയിൽ എങ്ങനെ തകർന്നടിയുന്നു എന്നതിന്റെ നേർചിത്രമാണ് ലാലൂരിലെ സൗഹൃദം കമ്യൂണിറ്റി ഹാൾ. ലക്ഷങ്ങൾ ചെലവഴിച്ച് കോർപറേഷൻ നിർമിച്ച കെട്ടിടം ഉദ്ഘാടനംകഴിഞ്ഞ് പ്രവർത്തിച്ചത് വെറും ഒരു വർഷം. തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇഴജന്തുക്കളുടെ താവളമായി മാറിയ ഈ ഹാൾ ഇന്നിപ്പോൾ നഗരസഭയുടെ പാഴ്വസ്തുക്കൾ തള്ളാനുള്ള ഗോഡൗണുമായി.
അടച്ചുപൂട്ടിയത് സാധാരണക്കാരന്റെ പ്രതീക്ഷകൾ
2014 ഫെബ്രുവരി 17ന് അന്നത്തെ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ഹാൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചത്. മുൻസിപ്പൽ ക്വാർട്ടേഴ്സ്, ബക്കർ പ്രദേശം, ഓശാന നഗർ എന്നിവിടങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കു കുറഞ്ഞനിരക്കിൽ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായിരുന്നു ഈ ഹാൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ എൽഡിഎഫ് ഭരണസമിതി ഹാൾ അടച്ചിട്ടതോടെ നാട്ടുകാരുടെ പ്രതീക്ഷകൾക്കു പൂട്ടുവീണു. ഹാൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പലതവണ സമരം നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
വിവാഹവേദിയിൽ പാഴ് വസ്തുക്കളുടെ കൂന്പാരം
മംഗളകർമങ്ങൾ നടക്കേണ്ട ഹാൾ ഇപ്പോൾ ഒളരി പ്രിയദർശിനി ഹാളിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിയ സാധനങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും തള്ളാനുള്ള ഇടമായി മാറി. മുന്പ് നിയമസഭാ പോളിംഗ് ബൂത്തായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സംരക്ഷണ മതിലുകൾ പലയിടത്തും തകർന്നുതുടങ്ങി. കെട്ടിടത്തിന്റെ ഭിത്തികളിലും പരിസരങ്ങളിലും മരങ്ങളും പുല്ലും വളർന്ന നിലയിലാണ്.
നശിക്കുന്നു...
ബൊക്കാഷി ബക്കറ്റുകളും ഇനാകുലവും
കെട്ടിടം നശിക്കുന്നതിനൊപ്പം നഗരസഭയുടെ ലക്ഷക്കണക്കിനു രൂപയുടെ മാലിന്യ സംസ്കരണ ഉപകരണങ്ങളും ഇവിടെ നശിക്കുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിനായി വാങ്ങിയ നൂറുകണക്കിന് ബൊക്കാഷി ബക്കറ്റുകളും ചാക്കുകണക്കിന് ഇനാകുലവും കഴിഞ്ഞ രണ്ടു വർഷമായി വിതരണംചെയ്യാതെ ഹാളിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ എലികൾ നശിപ്പിച്ചനിലയിലാണ്.
ഗുണനിലവാരമില്ലാത്ത ബക്കറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പഴയവ നശിപ്പിക്കുന്പോൾ പുതിയവ വാങ്ങാൻ ഭരണസമിതി നീക്കം നടത്തുന്നതു ദുരൂഹമാണെന്നും ഡിവിഷൻ കൗണ്സിലർ ലാലി ജെയിംസ് ആരോപിച്ചു.
ശുചീകരണം ഉടൻ, വീണ്ടും പോളിംഗ് ബൂത്താക്കാൻ നീക്കം
ഹാൾ എത്രയും വേഗം ശുചീകരിച്ച് തുറന്നുനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കൗണ്സിലിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാളിനെ വീണ്ടും പോളിംഗ് ബൂത്തായി മാറ്റാൻ അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉടൻ ഹാൾ വൃത്തിയാക്കി പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കൗണ്സിലർ വ്യക്തമാക്കി.
Movies
ഇൻസ്റ്റഗ്രാം ഫീഡുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നു നയൻതാര ഏറ്റവും അവസാനമായി പങ്കുവച്ച പോസ്റ്റ്. നയൻതാരയും തൃഷയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് അതെങ്കിലും അതിന്റെ പിന്നിലെ കഥകൾ വർഷങ്ങൾ നീണ്ട പിണക്കത്തിന്റെ അവസാനം കൂടിയാണ്.
ഇരുവരും അത്രനല്ല സൗഹൃദത്തിലല്ല എന്നത് കോളിവുഡിലെ സംസാരവിഷയങ്ങളിലൊന്നായിരുന്നു. ഇതിനെല്ലാം മറുപടിയാണ് നയൻതാര നൽകിയിരിക്കുന്നത്. തൃഷയ്ക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന നയനെ ചിത്രങ്ങളിൽ കാണാം.
നേരിൽ കണ്ടാൽ പോലും മുഖം തിരിക്കുന്ന വിധത്തിലുള്ള ശത്രുക്കളായിരുന്നു ഇവരെന്നാണ് ഇൻഡസ്ട്രിയിൽ നിറഞ്ഞുനിന്നിരുന്ന സംസാരം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ നയനൊപ്പം തൃഷയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തില് നിന്നും അവസാന നിമിഷം തൃഷ പിന്മാറിയിരുന്നു. പിന്നീട് ആ വേഷം സമാന്ത ചെയ്തു.
2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.
തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാര പറഞ്ഞതിങ്ങനെ ‘‘ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല.
District News
കട്ടപ്പന: എരുമേലിയിൽനിന്നു പുലർച്ചെ ഇടുക്കി കളക്ടറേറ്റ് പടിക്കലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുന്ന യാത്രക്കാർ സൗഹൃദകൂട്ടായ്മ രൂപീകരിച്ചു.
ഈ ബസിൽ ഏറ്റവുമധികം സർക്കാർ ജീവനക്കാരാണ് യാത്ര ചെയ്യുന്നത്. ഇടുക്കി എൻജിനിയറിംഗ് കോളജ്, മെഡിക്കൽ കോളജ്, കളക്ടറേറ്റ്, എസ്പി ഓഫീസ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ഈ ബസിലെ സ്ഥിരം യാത്രക്കാരാണ്.
ഇവരുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മ രൂപീകരിച്ച് പുതുവത്സരത്തലേന്ന് ആഘോഷമാക്കി മാറ്റി. ഇതിന്റെ ഭാഗമായി കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ മുഴുവൻ ആളുകളും പങ്കെടുത്തു. തുടർന്നു കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. വർഷങ്ങളായി പതിവുതെറ്റാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണിത്.
തങ്ങളെ സുരക്ഷിതമായി ജോലിസ്ഥലത്ത് എത്തിക്കുന്ന ഡ്രൈവർക്കും കണ്ടക്ടർക്കുംആദരവ് അർപ്പിക്കാനും കൂട്ടായമ മറന്നില്ല. കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ എടിഒ ഷാജി കുര്യാക്കോസ്, പി.കെ. ഷെഫീഖ്, ജോഷി ജോർജ്, പി.കെ. പ്രകാശ് എന്നിവർ നേതൃത്വം നൽകി.
District News
കൊട്ടിയം: കൊട്ടിയം ഡോൺ ബോസ്കോ കോളജിൽ സ്നേഹോത്സവം 2025 സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്ന് അഖിർ മാരാർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ.വൈ ജോയ് അധ്യക്ഷനായിരുന്നു. ജില്ലയിലെ 200 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അവർക്ക് വിവിധങ്ങളായ ക്രിസ്മസ് സമ്മാനങ്ങളും നൽകി. കോളജിെ ന്റ മാനേജിംഗ് ഡയറക്ടർ ഡോ. ബോബി ജോൺ പ്രസംഗിച്ചു.